
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങൾ ചർച്ചയാകുന്നതിനിടെ, കഴക്കൂട്ടത്ത് പിഞ്ചുകുഞ്ഞിനെക്കൊണ്ട് കാർ നിയന്ത്രിപ്പിച്ച് രക്ഷിതാവ്. അച്ഛന്റെ മടിയിലിരുന്ന് മൂന്നോ നാലോ വയസ്സുള്ള കുട്ടി സ്റ്റിയറിംഗ് പിടിച്ച് കാർ നിയന്ത്രിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെ വേഗത്തിലാണ് കാർ സഞ്ചരിച്ചതെന്നാണ് വിവരം.
തിരുവനന്തപുരം കഴക്കൂട്ടം എയർപോർട്ട് റോഡിൽ അനന്തപുരി ആശുപത്രിക്ക് മുന്നിലെ ഫ്ലൈഓവറിലായിരുന്നു സംഭവം. സമീപത്തുകൂടി സഞ്ചരിച്ച മറ്റൊരു കാറിലുണ്ടായിരുന്നവരാണ് ദൃശ്യങ്ങൾ പകർത്തിയത്. വീഡിയോ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കാർ കൂടുതൽ വേഗത്തിൽ മുന്നോട്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരം.
റോഡിൽ മറ്റ് വാഹനങ്ങൾ കുറവായിരുന്ന സമയമായതിനാലാണ് വലിയൊരു ദുരന്തം ഒഴിവായതെന്നാണ് വിലയിരുത്തൽ. കണ്ടില്ലെന്ന് നടിക്കാനാവാത്ത സാഹചര്യമാണെന്ന് തോന്നിയതിനാലാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് വീഡിയോ എടുത്ത വ്യക്തി പ്രതികരിച്ചു. കൊല്ലം ഇളമ്പൽ സ്വദേശികളാണ് ദൃശ്യങ്ങൾ പകർത്തിയത്.
പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിന് പിന്നാലെയാണ് കുട്ടിയെക്കൊണ്ട് കാർ ഓടിപ്പിക്കുന്നതിന്റെ ഈ ദൃശ്യങ്ങളും പുറത്തുവരുന്നത്. പ്രായപൂർത്തിയാകാത്തവർക്ക് വാഹനങ്ങൾ കൈമാറുന്നതും കുട്ടികളുടെ സുരക്ഷ അവഗണിച്ചുള്ള ഇത്തരം പ്രവൃത്തികളും വീണ്ടും ആശങ്കയുയർത്തുകയാണ്.









